വ്യവസായ സൗഹൃദ സൂചികയില്‍ ഒറ്റ വര്‍ഷം കൊണ്ട് കേരളത്തിന് വന്‍ നേട്ടം
ഇന്ത്യയിലെ വ്യവസായ സൗഹൃദ സൂചികയില്‍ ഒറ്റ വര്‍ഷം കൊണ്ട് കേരളത്തിന് വന്‍ നേട്ടം. 2019ലെ ഇരുപത്തെട്ടാം സ്ഥാനത്തുനിന്ന് 2020 ല്‍ 75.49 ശതമാനം സ്‌കോറോടെ പതിനഞ്ചാം സ്ഥാനത്ത് കേരളമെത്തി. കേന്ദ്ര വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഫോര്‍ ഇന്‍ഡ്‌സ്ട്രി ആന്റ് ഇന്‍ടേണല്‍ ട്രേഡ് ( ഡി പി ഐ ഐ ടി) ആണ് എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി വ്യവസായ സംരഭങ്ങള്‍ തുടങ്ങാനുള്ള എളുപ്പത്തിന്റെ അടിസ്ഥാനത്തില്‍ സംരംഭകരുടെ അഭിപ്രായം ശേഖരിച്ച് റാങ്ക് നിശ്ചയിക്കുന്നത്.
അന്തിമ സ്‌കോറുകളും ഉപഭോക്തൃ അടിസ്ഥാന സര്‍വ്വെയും അടിസ്ഥാനമാക്കി ടോപ്പ് അച്ചീവേഴ്‌സ്, അച്ചീവേഴ്‌സ്, ആസ്പയറര്‍, ഏമര്‍ജിംഗ് , ബിസിനസ് എക്കോസിസ്റ്റംസ് , എന്നിങ്ങനെ നാലായാണ് സൂചികയില്‍ സംസ്ഥാനങ്ങളെ തരംതിരിച്ചിട്ടുള്ളത്. 2014 ല്‍ തുടങ്ങിയ റാങ്കിംഗില്‍ 2016 മുതലാണ് കേരളം പങ്കെടുക്കുന്നത്. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനാണ് (കെ എസ് ഐ ഡി സി) ഇതിന്റെ നോഡല്‍ ഏജന്‍സി. വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതികള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ ഭേദഗതികള്‍ വരുത്തിയുതും നയപരമായ തിരുമാനങ്ങള്‍ എടുത്ത നടപ്പാക്കിയതും ഈ കുതിച്ചു ചാട്ടത്തിന് സഹായിച്ചതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങളും സംരംഭങ്ങളും ആകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ സര്‍ക്കാരിന് കീഴിലുള്ള വ്യവസായിക നിക്ഷേപക പ്രോല്‍സാഹന ഏജന്‍സികള്‍ക്ക് റാങ്കിങ്ങിലെ ഇപ്പോഴത്തെ പുരോഗതി പ്രചോദനമാകുമെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു. വ്യവസായസംരംഭക നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ മുന്‍ഗണ ലഭിക്കുന്ന സംസ്ഥാനമായി കേരളം മാറാന്‍ ഈ നേട്ടം സഹായിക്കുമെന്ന് കെ എസ് ഐ ഡി സി എം ഡി രാജമാണിക്യം പറഞ്ഞു.